നരിക്കൂട്ടുംചാൽ: (kuttiadi.truevisionnews.com)മൊകേരിയിലും പരിസര പ്രദേശങ്ങളിലും സി പി ഐ കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർവ്വം പ്രവർത്തിച്ച നരിക്കൂട്ടും ചാലിലെ സി പി ചാത്തുവിൻ്റെ വേർപാടിലൂടെ പാർട്ടിക്ക് നഷ്ടമായത് നിസ്വാർത്ഥനായ പ്രവർത്തകനെയാണ്.
അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്ന അദ്ദേഹം പാർട്ടിയിലുണ്ടായ പിളർപ്പിനെ തുടർന്ന് സി പി ഐയിൽ ഉറച്ചുനിന്നു. ഈ മേഖലയിലെ ആദ്യകാല സി പി ഐ നേതാക്കളായ പി കേളപ്പൻ നായർ, കെ ടി കണാരൻ എന്നിവരോടൊപ്പം ദുർബലമായ പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് സി പി ചിത്തു നേതൃത്വപരമായ പങ്കു വഹിച്ചു.
എല്ലാവിധ പ്രതിബന്ധങ്ങളെയും എതിർപ്പുകളെയും നേരിട്ടാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി സംഘടനയും സംഘടിപ്പിക്കുന്നതിൽ ത്യാഗപൂർവ്വം നേതൃത്വം നൽകിയത്. ഒരാഴ്ച മുമ്പ് മൊകേരിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കു പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ്, സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ ടി കെ രാജൻ
മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ്, സി പി എം ലോക്കൽ സെക്രട്ടറി ടി കെ ബിജു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
അനുശോചന യോഗത്തിൽ ടി കെ രാജു അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, ടി കെ മോഹൻദാസ് ,ടി കെ ബിജു എന്നിവർ സംസാരിച്ചു.
#CP #Chathu's #departure #CPI #lost #selfless #activist