പാലേരി:(kuttiadi.truevisionnews.com) പ്രശസ്ത മാപ്പിള കവി റിസ് വാൻ കരുവൻ പൊയിൽ അനുസ്മരണാർത്ഥം അഞ്ചാമത് സംസ്ഥാനതല മാപ്പിളപ്പാട്ട് രചന പുരസ്കാര മത്സരത്തിൽ മികച്ച വിജയം നേടി പാലേരി സ്വദേശി ഷമീർ പാലേരി.
കേരള മാപ്പിള കല അക്കാദമി അംഗീകാരം, ഇശൽ ബിശാറ പുരസ്കാരം, തനിമ പുരസ്കാരം, ഐകെഎസ്എസ് പുരസ്കാരം, മീഡിയവൺ ഫൈസൽ കാരാട് രചന പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ ഷമീറിന് ഇപ്പോൾ ഇശൽ രചന കലാ സാഹിത്യ വേദി നടത്തിയ മത്സരത്തിലാണ് അംഗീകാരം ലഭിച്ചത്.
കേരളത്തിലെ പ്രഗത്ഭരായ മുപ്പത്തി മൂന്നു മാപ്പിള കവികൾ മാറ്റുരച്ച മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടാൻ ഷമീറിന് കഴിഞ്ഞു.
മാപ്പിളപ്പാട്ടിന്റെ പ്രാസ നിബന്ധനകളായ കമ്പി, കഴുത്ത്, വാൽകമ്പി, വലിന്മേൽ കമ്പി, ചിറ്റെഴുത്ത് എന്നിവ പാലിച്ചു കൊണ്ട് നിരവധി പാട്ടുകൾ എഴുതിയ ഇദ്ദേഹം കൊമ്പ് ഇശലിൽ തീർത്ത 'അഹദോന്റെ അമറാലെ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇവിടെ സമ്മാനാർഹമായത്.
മഹാകവി മോയീൻ കുട്ടി വൈദ്യർ സ്മാരകത്തിൽ നിന്നും പരിശീലനം നേടിയ ഷമീർ ഇപ്പോൾ മാപ്പിള കലകളിൽ ഗവേഷണം നടത്തുന്നുണ്ട്. എം.എച്ച് വള്ളുവങ്ങാടാണ് ഗുരു. സ്വദേശി എം.ടി ഷാഹിദയും മലപ്പുറം പറപ്പൂർ സ്വദേശി ഹമീദ് മാസ്റ്ററുമാണ് ആദ്യസ്ഥാനക്കാർ.
രചനകളിലെ മികവ് കാരണം മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ ഏഴു ജ്യൂറി പരാമർശ രചനകളും ഉണ്ടെന്നു ജ്യൂറി അംഗം പക്കർ പന്നൂർ അറിയിച്ചു.
ബദറുദ്ധീൻ പാറന്നൂർ, ഹസൻ നെടിയനാട് എന്നിവരാണ് മറ്റു ജ്യൂറി അംഗങ്ങൾ. 2024 ജൂൺ 1 ന് കൊണ്ടോട്ടിയിൽ വച്ച് പുസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു.
#ShameerPaleri #got #recognition #again #Mappilapat