കുറ്റ്യാടി :(kuttiadi.truevisionnews.com) ഗവ.താലൂക്ക് ആശുപത്രി പകർച്ചവ വ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.
കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി അധ്യക്ഷത വഹിച്ചു. ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനുരാധ വിഷയാവതരണം നടത്തി.
കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി ജീവനക്കാരി മേഘ്നയുട നിര്യാണത്തിൽ യോഗം അനുശോചിച്ചു.
യോഗതീരുമാന പ്രകാരം നിപ , മഴക്കാല രോഗം എന്നിവയുടെ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് റബ്ബർ തോട്ട ഉടമകളുടെ യോഗം വിളിച്ചു ചേർക്കാനും ഉണങ്ങിയ മരങ്ങൾ വെട്ടിമാറ്റാനും തീരുമാനിച്ചു.
2024 ൽ താലൂക്ക് ആശുപത്രി പരിധിയിൽ 169 മഞ്ഞപ്പിത്ത രോഗവും 76 ടൈഫോയ്ഡ് രോഗവും റിപ്പോർട്ട് ചെയ്തതായും മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേർ മരണപ്പെട്ടതായും യോഗം നിരീക്ഷിച്ചു.
പനിയും ചുമയുമായി ചികിത്സക്കെത്തുന്നവർ മാസ്ക്ക് ധരിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നും കൈ സോപ്പ്, ഹാൻഡ് ബാഷ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും പക്ഷിമൃഗാദികൾ കടിച്ച പഴങ്ങളോ പച്ചക്കറികളോ സുരക്ഷാ മാർഗമില്ലാതെ ശേഖരിക്കരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം വിളിച്ച് ചേർക്കാനും യോഗത്തിൽ തീരുമാനിച്ചു.
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ , കെ സജിത്ത് ( മരുതോങ്കര ), ബാബു കാട്ടാളി (നരിപ്പറ്റ ), വി കെ റീത്ത ( കുന്നുമ്മൽ ), ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കുഞ്ഞിരാമൻ, ലീല, ഗീതാ രാജൻ, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ്, സുരേഷ് ബാബു, രാധാകൃഷ്ണൻ പറമ്പത്ത്, ശ്രീജേഷ് ഊരത്ത്, താലൂക്ക് ഹോസ്പിറ്റൽ എച്ച് ഐ ഗോപകുമാർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, പഞായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ, എച്ച് ഐമാർ, ജെ എച്ച് ഐമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമപ്രവർത്തകർ പങ്കെടുത്തു.
ആർ എം ഒ ഡോ. സന്ദീപ് സ്വാഗതവും എച്ച് സി ശിവദാസൻ നന്ദി പറഞ്ഞു.
#KuttyadiGovt#Taluk# Hospital #warns# against #contagious #disease