കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടിയിൽ താളംതെറ്റി മാലിന്യസംസ്ക്കരണം. ഹരിതകർമസേനയുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യം വിവിധഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.
പല ഭാഗങ്ങളിലും തുറന്ന സ്ഥലങ്ങളിൽ മാലിന്യക്കെട്ടുകൾ കൊണ്ടിട്ട നിലയിലാണ്. മഴപെയ്തതോടെ മാലിന്യത്തിൽ വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധിഭീഷണി ഉയരുന്ന സ്ഥിതിയുണ്ട്.
കുറ്റ്യാടി ഹൈസ്കൂൾ റോഡ്, നരിക്കൂട്ടുംചാൽ, ആറാം വാർഡിൽ കമ്മന, ഏഴാം വാർഡിൽ വെറ്ററിനറി സബ് സെന്റർ കെട്ടിടം, മാവുള്ളച്ചാലിലെ പട്ടികജാതി വ്യവസായകേന്ദ്രം, നിട്ടൂർ, പതിനൊന്നാം വാർഡിൽ ചാത്തൻ കോട് ട്രാൻസ്ഫോർമറിന് സമീപം തുടങ്ങിയ ഭാഗങ്ങളിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്.
പത്താംവാർഡിൽ റോഡിന്റെ വശങ്ങളിൽ മാലിന്യം സൂക്ഷിച്ചിട്ടുണ്ട്.പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ വിവിധഭാഗങ്ങളിൽ കാര്യക്ഷമമായി നടക്കുമ്പോഴാണ് മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തുന്നതെന്നാണ് ആക്ഷേപം. പത്തു ലക്ഷം രൂപ മുടക്കി വാങ്ങിയ പ്ലാസ്റ്റിക് കംപ്രസിങ് യന്ത്രം മൂന്ന്യമാസമായി തകരാറിലാണ്.
ഇതും മാലിന്യസംസ്കരണത്തിന് പ്രതിസന്ധിയാകുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാൽ കഴിഞ്ഞ മാസം വാഹനമെത്താൻ തടസ്സം നേരിട്ടതാണ് മാലിന്യം കെട്ടി കിടക്കാൻ കാരണമായതെന്നും വരും ദിവസങ്ങളിൽ പഞ്ചായത്തിൽ കെട്ടി കിടക്കുന്ന മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തെ മാലിന്യം മാത്രം കയറ്റി പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായും അധികൃതർ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ കമ്പനിയിലേക്കാണ് മാലിന്യം കയറ്റി പോകുന്നത്.
പരാതി ഉയർന്നതിനെ തുടർന്ന് വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
#Disorganized #waste #management #Kuttyyadi