കുറ്റ്യാടി :(kuttiadi.truevisionnews.com) ടൗണിലും പരിസരപ്രദേശങ്ങളിലും, വേളം ഗ്രാമപഞ്ചായത്തിലെ മാമ്പ്രമല എന്ന പ്രദേശത്തും, മണിയൂർ ഗ്രാമപഞ്ചായത്തിലെ കുറുന്തോടിയിലും, ആയഞ്ചേരിയിലെ കീരിയങ്ങാടി പ്രദേശങ്ങളിലും ,കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മറ്റ് വിവിധ സ്ഥലങ്ങളിലും അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രസരണ വിഭാഗത്തിൽ കുറ്റ്യാടി ടൗണിലും പരിസരപ്രദേശങ്ങളായ വേളം ,മാമ്പ്രമല ,മണിയൂർ, കുറുന്തോടി ,ആയഞ്ചേരി എന്നിവിടങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഒരു പുതിയ 110 കെവി സബ്സ്റ്റേഷൻ നിർമ്മിക്കാൻ 13 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു.
മണിയൂർ വില്ലേജിൽ ഉൾപ്പെടുന്ന ഈ പദ്ധതിക്ക് ആവശ്യമായ സ്ഥലത്തിൻറെ രേഖകൾ പരിശോധിച്ചു വൈദ്യുതി ബോർഡിൽ നിന്നും അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.
വിതരണ വിഭാഗത്തിന് കീഴിൽ കുറ്റ്യാടി ടൗണിന്റെ പരിസരപ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി 300 മീറ്റർ സിംഗിൾ ഫേസ് ലൈൻ ത്രീ ഫേസ് ആക്കുന്ന പ്രവൃത്തി 2024-25 വർഷത്തിലെ ദ്യുതി വർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വേളം ഗ്രാമപഞ്ചായത്തിലെ മാമ്പ്ര മല എന്ന സ്ഥലത്ത് വോൾട്ടേജ് പരിഹരിക്കുന്നതിന് 500 മീറ്റർ 11 കെ വി ലൈൻ വലിച്ച് 100 KVA ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനുള്ള വർക്ക് RDSS ന്റെ രണ്ടാംഘട്ടമായ മോഡേണൈസേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കീരിയങ്ങാടി ഭാഗത്ത് 500 മീറ്റർ 11 കെ വി ലൈൻ വലിച്ച് ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവർത്തി RDSS മോഡണൈസേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് .
ഈ കഴിഞ്ഞ വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗത്തിലെ അനിയന്ത്രിതമായ വർദ്ധനവ് കാരണം സിസ്റ്റം വോൾട്ടേജിൽ ഉണ്ടായ കുറവുമൂലം വോൾട്ടേജ് ക്ഷാമം വടകര മേഖലയിൽ വ്യാപകമായി അനുഭവപ്പെട്ടിട്ടുള്ളതായും, വടകര ഡിവിഷനിൽ വരുന്ന കീരിയങ്ങാടി ഭാഗത്ത് ചാലിക്കുനി -കീരിയങ്ങാടി 200 മീറ്ററിൽ ലൈൻ കൺവേർഷൻ പ്രവർത്തി നടത്തിയതിന്റെ ഭാഗമായി വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെട്ടതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.
#Solution #Voltage #Shortage #Crore #Administrative #Approval #Construction #Substation #Maniyur