കുറ്റ്യാടി: (kuttiadi.truevisionnews.com)വയനാട് റോഡില്‍ ഓത്യോട്ട് ഭാഗത്തെ റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ നടപടി ഹൈക്കോടതി നിര്‍ദേശത്തിന് എതിരാണെന്നും അതിനാല്‍ കോടതിയലക്ഷ്യമാണെന്നും സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ യോഗം പ്രതിഷേധിച്ചു.
വാണിജ്യസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും തടസം സൃഷ്ടിക്കുമെന്ന പേരില്‍ പാതയോരങ്ങളിലെ തണല്‍മരങ്ങള്‍ മുറിച്ചു മാറ്റാതിരിക്കാന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്.
വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ചായുന്ന കൊമ്പുകളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിനു പകരം മരങ്ങള്‍ അപ്പാടെ മുറിച്ചു മാറ്റിയ നടപടി തെറ്റാണ്.
ഇത് പ്രകൃതിയെ കൂട്ടക്കൊല ചെയ്യുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിട്ടുണ്ട്. മരങ്ങള്‍ മുറിച്ചു മാറ്റേണ്ടതാണെന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് നേരത്തെ ഹൈക്കോടതി ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ ഉത്തരവിന്റെ ലംഘനമാണ് കുറ്റ്യാടി പഞ്ചായത്ത് തല ട്രീ കമ്മിറ്റി നടത്തിയിട്ടുള്ളതെന്ന് സിറ്റിസണ്‍സ് ഫോറം കുറ്റപ്പെടുത്തി.
യോഗത്തില്‍ ചെയര്‍മാന്‍ മൊയ്തു കണ്ണങ്കോടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി. നാരായണന്‍ വട്ടോളി, സി.കെ കരുണാകരന്‍, പി. അബ്ദുല്‍ മജീദ്, ഗഫൂര്‍ മലോപ്പൊയില്‍, സുധീര്‍ കക്കട്ടില്‍, അഷറഫ് കൊല്ലാണ്ടി, റഫീഖുദ്ദീന്‍ പാലേരി, പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
#Violation #Maramuri #HighCourt #verdict #Wayanad #Road #Citizen #Forum