മൊകേരി : മൺപാത്ര തൊഴിലാളികൾ താമസിക്കുന്ന കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മൊകേരിയിലെ വടയക്കണ്ടി നഗർ പശ്ചാത്തല സൗകര്യം വികസനത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രദേശത്ത് വച്ച് നടന്ന യോഗത്തിൽ കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനാണ് ഈ തുക അനുവദിക്കുന്നത്. വടയക്കണ്ടി നഗറിന്റെ പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത പ്രദേശവാസികളും ജനപ്രതിനിധികളും മുൻപ് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച പ്രദേശത്ത് വെച്ച് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മൺപാത്രങ്ങൾ നിർമ്മിക്കുന്നതിന് ഗ്രൂപ്പുകൾക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2.5 ലക്ഷം രൂപ അനുവദിക്കും. നഗറിലെ 11 കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് നൽകാനും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും കണക്ഷൻ ഉണ്ട്. കൂടാതെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി വഴി ഉടനെ വെള്ളം ലഭ്യമാക്കും. ഈ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കണക്ഷൻ മാത്രമാണ് ഇനി ബാക്കിയുള്ളത്.
പൊതുവഴിയുടെ നിർമ്മാണത്തിനായി പ്രദേശവാസികൾ സഹകരിച്ച് സ്ഥലം വിട്ടു നൽകുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്തു.പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിൽ നിന്നും ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത,വൈസ് പ്രസിഡണ്ട് വിജിലേഷ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ,പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ,അസിസ്റ്റൻറ് എൻജിനീയർ ,പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
#MokeriVvadayakandinagar #25lakhs #allocated #mla #fund #infrastructure #development