കുറ്റ്യാടി:(kuttiadi.truevisionnews.com) മാരക മയക്കുമരുന്നിനെതിരെ ജനങ്ങളും പോലീസും കൈകോർത്തപ്പോൾ മയക്ക് മരുന്ന് മാഫിയയുടെ കോട്ടകൾ തകരുന്നു. എം ഡി എം എ മൊത്തവിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയുടെ വീട്ടിൽ റെയ്ഡ് . ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി.


കുറ്റ്യാടിക്കടുത്ത് നരപ്പറ്റയിലെ പ്രവാസിയായിരുന്ന യുവാവിന്റെ വീട്ടിലാണ് വൻ രാസലഹരിമരുന്ന് വേട്ട നടന്നത്. നരിപ്പറ്റ സൂപ്പർ മുക്കിലെ ചാത്തോത്ത് നാസറിന്റെ മകൻ നഹ്യാന്റെ വീട്ടിൽ നിന്നാണ് 125 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.വീടിന്റെ കിടപ്പു മുറിയിൽ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
എന്നാൽ പ്രതി നഹ്യാനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് കുറ്റ്യാടി പൊലീസ് വീട് വളഞ്ഞ് തിരച്ചിൽ നടത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി സി ഐ യുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.
വിപണിവിലയിൽ പത്ത് ലക്ഷത്തിൽ അധികം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത് . നേരത്തെ പ്രവാസിയായിരുന്ന നഹ്യാൻ വിവാഹ ശേഷം നാട്ടിൽ തന്നെയായിരുന്നു. ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു.
നരിപ്പറ്റ, കമ്പിനി മുക്ക് ഭാഗങ്ങളിൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം രാസലഹരി വിതരണം നടത്തുന്നതായി പോലീസിന് നേരത്തെയും രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിതശ്രമം നടത്തുന്നുണ്ട്.
#Massive #drug #bust#Naripatta#125-grams #MDMA #seized