കക്കട്ട് : ( kuttiadi.truevisionnews.com ) കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി. കൈവേലി കുമ്പളച്ചോല സ്വദേശി താരോൽ വിജിത്ത് (45) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്നില്‍ വെച്ചാണ് വിജിത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ ഉച്ചയ്ക്ക് രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


വിജിത്തും പ്രദേശവാസി മുഹമ്മദും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതയാണ് വിവരം. പെയിന്റിങ് തൊഴിലാളിയായ വിജിത്ത് മുഹമ്മദിന്റെ മകളുടെ വീട് പണിയുടെ കരാർ ഏറ്റെടുത്തിരുന്നു. വീടിന്റെ പെയിന്റിങ് ജോലികൾ ചെയ്ത വിജിത്തിന് 45000 രൂപ മുഹമ്മദ് നല്കാനുണ്ടായിരുന്നതായി ബന്ധു അശോകൻ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. ഈ തുക നൽകാതതിൻ്റെ മനോവിഷമത്തിലാണ് വിജിത്ത് ആത്മഹത്യ ചെയ്തതെന്നും ബന്ധു അശോകൻ പറയുന്നു.
ജോലി ചെയ്ത പണം ആവശ്യപ്പെട്ടെങ്കിലും പണി കഴിഞ്ഞിട്ടില്ലെന്നും, പെയിന്റിങ് പുട്ടി ഇട്ടത് ശരിയായില്ലെന്ന് പറഞ്ഞ് മുഹമ്മദ് പണം നൽകാതെ ഒഴുവായതായി അദ്ദേഹം പറഞ്ഞു. വിജിത്തിന്റെ ഭാര്യ ബിന്ദു കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുറച്ചുനാളുകളായി സ്വന്തം വീട്ടിലാണ് താമസം.
വിജിത്തിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം അല്പ സമയം മുമ്പ് ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
തറമ്മൽ കണാരൻ്റെ മകനാണ് വിജിത്ത്. അഷിത, അഷിക എന്നിവരാണ് മക്കൾ.
Kuttiyadi police have registered a case and started an investigation youngman suicide