കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടി മണ്ഡലം നവകേരള സദസ്സിൽ ഉയർന്നുവന്ന രണ്ട് പ്രധാന പദ്ധതികൾക്കായി ഏഴ് കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പുഴയോര സംരക്ഷണ പ്രവൃത്തിക്കായി ആറ് കോടി രൂപയുടെ അനുമതിയും അമ്പലക്കുളങ്ങര കുന്നുമ്മൽ പള്ളി അരൂർ റോഡിന് ഒരു കോടി രൂപയുടെ അനുമതിയുമാണ് ലഭിച്ചത്.
കുറ്റ്യാടി പുഴയോര സംരക്ഷണ പദ്ധതി മേജർ ഇറിഗേഷൻ വകുപ്പ് വഴിയും അമ്പലക്കുളങ്ങര കുന്നുമ്മൽ പള്ളി അരൂർ റോഡ് കുറ്റ്യാടി ഇറിഗേഷൻ വകുപ്പ് വഴിയുമാണ് നിർവഹണം നടത്തുക.നിയോജകമണ്ഡലത്തിൽ രണ്ടു പദ്ധതികൾ വീതം നടപ്പിലാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾക്ക് അനുമതി ലഭിച്ചത്. ജില്ലാ കളക്ടർ ലഭ്യമാക്കിയ ഭേദഗതി നിർദ്ദേശങ്ങൾ പരിഗണിച്ചാണ് പദ്ധതികൾക്ക് അനുമതി ലഭിച്ചത്.


കുറ്റ്യാടി പുഴയോരം ഇടിയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കുറ്റ്യാടി, വേളം, തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിൽ നിന്നും ലഭിച്ചത്.കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കാവും കടവത്ത്, മൊളോർ മണ്ണിൽ, മണിയൂർ ഗ്രാമപഞ്ചായത്തിലെ കാരായത്തൊടി രാമത്ത് താഴെ, തെക്കേ കാരായത്തൊടി, കണാരൻ കണ്ടി ഭാഗം, അട്ടക്കുണ്ട് ബ്രിഡ്ജ് - വാണിവയൽക്കുനി, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരി കടവ്, വേളം ഗ്രാമപഞ്ചായത്തിലെ തെക്കേടത്ത് കടവ് അരമ്പോൾ സ്കൂൾ ഭാഗം, മീൻ പാലം അംഗൻവാടിക്ക് സമീപം, ചാലിൽ പിലാവിൽ ഭാഗം, തെയ്യത്താം മണ്ണിൽ ഭാഗം, എം എം മണ്ണിൽ നമ്പൂടി മണ്ണിൽ ഭാഗം എന്നീ സ്ഥലങ്ങളിലായാണ് ആറ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മൊകേരിയിലെയും അമ്പലക്കുളങ്ങരയിലെയും മധുകുന്നിലെയും പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അമ്പലക്കുളങ്ങര കുന്നുമ്മൽ പള്ളി അരൂർ റോഡ്. സർക്കാർ ഒരുകോടി രൂപ അനുവദിക്കുന്നതോടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
Projects worth 7 crore approved in Kuttiyadi constituency