കുറ്റ്യാടി: നഗര സ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭയാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം പ്രതീക്ഷയോടെ വരവേറ്റു കുറ്റ്യാടിയും. സംസ്ഥാനത്താകെ 941 ഗ്രാമപഞ്ചായത്തുകളാണ് നിലവിലുള്ളത്. ഇതിൽ നഗരസ്വഭാവവും, നഗരവൽക്കരണവും പ്രത്യക്ഷത്തിൽ തന്നെ പ്രകടമായ പഞ്ചായത്തുകളെ ഉയർത്തി നഗരസഭ ആക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.


തൻമൂലം വികസന കുതിപ്പ് ഗ്രാമങ്ങളിലേക്ക് കൂടി സാധ്യമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വൻ വികസന മുന്നേറ്റങ്ങളാണ് കുറ്റ്യാടിയിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. കച്ചവട വ്യാപാര സ്ഥാപനങ്ങളുടെ ഹബ്ബായി മാറിയിരിക്കുന്നു കുറ്റ്യാടി. നേരത്തെ കുറ്റ്യാടിയെ നഗരസഭ ആക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ ഇതിനുവേണ്ടി സെമിനാറുകൾ യോഗങ്ങളും നടത്തിയിരുന്നു.
പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി നഗരവത്ക്കരണ സ്വഭാവമായിട്ടാണ് കുറ്റ്യാടി മുന്നേറുന്നത്. കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശമായതുകൊണ്ട് തന്നെ നഗരസഭയായി ഉയർത്തി കഴിഞ്ഞാൽ വലിയ വികസന സാധ്യതയാണ് കുറ്റ്യാടിയെ കാത്തിരിക്കുന്നത്. നിലവിൽ 14 വാർഡുകളാണ് കുറ്റ്യാടിയിലുള്ളത്.
+ഇതുകൂടാതെ സമീപ ഗ്രാമപഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തിയുള്ള നഗരസഭാ രൂപീകരണമാണ് മലബാർ ഡെവലപ്മെൻറ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളും, റസിഡൻസ് അസോസിയേഷനുകളും ആവശ്യപ്പെടുന്നതും. സംസ്ഥാനത്ത് നിലവിൽ 14 ജില്ലാ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ, 941 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് ഉള്ളത്. ഇതിൽ ആകെയുള്ള 87 മുൻസിപ്പാലിറ്റികളുടെ എണ്ണം വർദ്ധിപ്പിക്കുവാനാണ് സർക്കാർ തീരുമാനം.
urban character; kuttiady with hope