ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് നിവാസികള്‍ക്ക് സഞ്ചരിക്കാന്‍ സുഗമമായ ഒറ്റ വഴിയും ഇല്ലാത്ത അവസ്ഥയാണുള്ളത്. ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പിടുന്നതിന്റെ പേരില്‍ കുഴിയെടുത്തു തകര്‍ത്ത പഞ്ചായത്ത്, പി.ഡബ്‌ളു.ഡി റോഡുകളെല്ലാം നന്നാക്കാതെ അതേ പടി കിടക്കുകയാണ്.

ചക്കിട്ടപാറക്കാരുടെ പ്രധാന അങ്ങാടി പേരാമ്പ്രയാണ്. പേരാമ്പ്രയില്‍ എത്തേണ്ട മൂന്ന് പാതകളും ഗതാഗത യോഗ്യമല്ല. പെരൂവണ്ണാമൂഴി, കടിയങ്ങാട്, ചെമ്പ്ര കോടേരിച്ചാല്‍, താനിക്കണ്ടി പൈതോത്ത് എന്നിവയാണ് ഈ റോഡുകള്‍.
കുണ്ടും കുഴിയും പൊടിയും ചെളിയുമെല്ലാം മാറി മാറി നാട്ടുകാര്‍ വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പരാതി പറഞ്ഞു ജനം മടുത്തു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ തികഞ്ഞ മൗനത്തിലാണ്.
എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ നിലപാടും ഇതു തന്നെ. 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള താന്നിക്കണ്ടി വഴിയുള്ള പേരാമ്പ്ര റോഡിന്റെ 9 കിലേമീറ്റര്‍ ഭാഗം റിപ്പയര്‍ ചെയ്തിട്ടിണ്ട്.
ഒരു കിലോമീറ്റര്‍ കൂടി ഗതാഗതയോഗ്യമാക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാവും. പക്ഷെ പണി നിര്‍ത്തി കരാറുകാരന്‍ സ്ഥലം വിട്ടിരിക്കുകയാണ്. ഒരു മഴക്കാലം കൂടി അതിജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നീതീ തേടി നിയമ നടപടിക്കൊരുങ്ങുകയാണ് ചക്കിട്ടപാറക്കാര്‍.
പഞ്ചായത്ത് പി.ഡബ്‌ള്യു.ഡി വകുപ്പുകളെ പ്രതികളാക്കി കേസ് നല്‍കാനാണ് തീരുമാനം.
Jal Jeevan Project; Locals complained that the roads dug up due to pipe laying were not covered