കക്കട്ടിൽ: (kuttiadi.truevisionnews.com) പകർച്ചവ്യാധികൾ കൂടി വരുന്ന സാഹചര്യത്തിൽ അവയ്‌ക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താന്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തും കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലും തീരുമാനിച്ചു.
വിവാഹ ആഘോഷങ്ങൾ മറ്റ് സാമൂഹിക ഒത്തുചേരലുകൾ എന്നിവ നടക്കുമ്പോൾ രണ്ടാഴ്ചമുമ്പെങ്കിലും ഗ്രാമപഞ്ചായത്തുകളെ നിർബന്ധമായും അറിയിക്കണം. കൺവെൻഷൻ സെന്ററുകളിലും വീടുകളിലും ഇത്തരത്തിൽ ആഘോഷങ്ങൾ നടക്കുമ്പോൾ ജ്യൂസ് ഉൾപ്പെടെയുള്ള വെൽക്കം ഡ്രിങ്കുകൾ ഒഴിവാക്കുക. പകരം ചായയോ കാപ്പിയോ മറ്റോ നൽകുക.


സാമൂഹിക ഒത്തുകൂടലിന് രണ്ടാഴ്ചമുമ്പ് എങ്കിലും ആരോഗ്യവകുപ്പ് മുഖേന ഉപയോഗത്തിനുള്ള വെള്ളം പരിശോധിച്ചു ശുദ്ധത ഉറപ്പുവരുത്തുക. ഭക്ഷണം പാകം ചെയ്യുന്ന ആളുകൾക്ക് ഹെൽത്ത് കാർഡ് ഉറപ്പ് വരുത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളം ആരോഗ്യവകുപ്പ് മുഖേന പരിശോധിപ്പിച്ച് ശുദ്ധത ഉറപ്പുവരുത്തുക.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും പഞ്ചായത്ത് പ്ലാൻ പാസാക്കുമ്പോൾ സെപ്റ്റിക് ടാങ്ക് ഉറപ്പുവരുത്തണമെന്നും തീരുമാനമെടുത്തു.
യോഗത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് അനുരാധ സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രി കെ പി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സജിത്ത് കെ, ബാബു കാട്ടാളി ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാരായ ഡോ. പ്രദോഷ് കുമാർ, ഡോ. ആനന്ദൻ ഡോ. ഇസ്മായിൽ, വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ നന്ദി പറഞ്ഞു.
Decision to strengthen awareness against the epidemic