Sep 18, 2023 10:25 AM

കുറ്റ്യാടി:(kuttiadinews.in)ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍ പിടിയിലായി .പതിനൊന്ന് കേസുകളില്‍ പ്രതിയായ ഓണ്‍ലൈന്‍ തട്ടിപ്പുകാരനെ വയനാട് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു.

കുറ്റ്യാടി കാവിലുംപാറ സ്വദേശി സല്‍മാനുല്‍ ഫാരിസാണ് പിടിയിലായത്. നാല് സംസ്ഥാനങ്ങളിലായി പതിനൊന്ന് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കല്‍പ്പറ്റ തിനപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കല്‍പ്പറ്റ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സിവില്‍ പൊലീസ് ഓഫീസര്‍ ജിസണ്‍ ജോര്‍ജും വിജയവാഡയില്‍ എത്തിയാണ് ഫാരിസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒ.എല്‍.എക്സില്‍ മറ്റൊരാളുടെ കാര്‍ കാണിച്ച് യൂസ്ഡ് കാര്‍ ഷോറൂമുകാരനില്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത് .

കാവുംമന്ദം സ്വദേശി ഒ.എല്‍.എക്സില്‍ വില്‍പ്പനക്ക് വച്ച കാറാണ് സല്‍മാനുല്‍ ഫാരിസ് സ്വന്തം കാറാണന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയിരിക്കുന്നത്. അതെ സമയം കാറിന്റെ യഥാര്‍ത്ഥ ഉടമയോട് രണ്ടര ലക്ഷത്തിന് കച്ചവടമുറപ്പിക്കുകയും ചെയ്തു.

പണം നല്‍കിയിട്ടും കാര്‍ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന വിവരം മനസിലായതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ഡല്‍ഹി, കല്‍ക്കട്ട, വിജയവാഡ എന്നിവിടങ്ങളിലും സംസ്ഥാനത്തെ 12 പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിച്ച ഇയാള്‍ ബോംബെയില്‍ നിന്ന് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

കല്‍പ്പറ്റ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ട്. ഈ കേസുകളില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോള്‍ പുതിയ കേസില്‍ അറസ്റ്റിലായത്.

#incident #cheating #through #olx #native #Kuttyadi #arrested

Next TV

Top Stories










Entertainment News