ലോകനാര്‍കാവ്; കടത്തനാട്ട് വീരന്മാരുടെ കാവലാള്‍ അങ്കത്തട്ടിലേറും മുമ്പ് കടത്തനാട്ട് തമ്പുരാക്കര്‍ താണ് വണങ്ങുന്ന കുലദൈവം. ലോകനാര്‍ക്കാവില്‍ അമ്മയെ വണങ്ങിയ സത്യം ചെയ്യല്‍ കളരത്തട്ടില്‍ അവസാന വാക്കായിരുന്ന കാലം സിനിമകളിലൂടെ പുതു തലമുറയ്ക്കും സുപരിചിതമാണ്.


ഐതിഹ്യങ്ങളും ചരിത്രങ്ങളും കെട്ട്പിണഞ്ഞ് കിടക്കുന്ന ലോകനാര്‍ക്കാവിന്റെ മുറ്റത്ത് ഒരിക്കലെങ്കിലും എത്തണമെന്ന് ആഗ്രഹിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലാണ് വടക്കന്‍പാട്ടിലൂടെ പ്രസിദ്ധമായ ലോകനാര്‍കാവ്.
മലയും ആറും കാവും ഒത്തുചേര്‍ന്നപ്പോഴാണ് ലോകമലയാര്‍കാവ് എന്നുപേരുണ്ടായത്. അത് ലോപിച്ച് ലോകനാര്‍കാവ് എന്ന് വിളിച്ചു തുടങ്ങിയെന്നാണ് ഐതിഹ്യം. വിഷ്ണുക്ഷേത്രം, ശിവക്ഷേത്രം, ഭഗവതിക്ഷേത്രം, എന്നിങ്ങനെ ത്രിമൂര്‍ത്തികളുടെ ക്ഷേത്രമാണെങ്കിലും ലോകനാര്‍ക്കാവ് എന്നാണ് പ്രസിദ്ധമായത്.
കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതാ ക്ഷേത്രമാണ് ലോകനാര്‍ക്കാവ്. ക്ഷേത്രപ്പറമ്പിലേക്ക് കയറുമ്പോള്‍ തന്നെ ആദ്യം കാണുക വെട്ടുകല്ലുകൊണ്ട് കെട്ടിയ പുരാതനമായ വലിയ കുളമായിരിക്കും.
അതിനുമുന്നില്‍ പഴക്കമേറിയ രണ്ട് ആല്‍ത്തറകള്‍, തോറ്റംപാട്ട് നടക്കാറുണ്ടായിരുന്ന തെക്കേത്തറ, വടക്കന്‍പാട്ടിലെ വീരനായകന്‍ തച്ചോളി ഒതേനന്‍ കളിച്ചുവളര്‍ന്ന ക്ഷേത്രാങ്കണം, ശ്രീകോവിലില്‍ ലോകനാര്‍ കാവിലമ്മ, ചതുര്‍ബാഹുക്കളോടുകൂടിയ പഞ്ചലോഹവിഗ്രഹം, ലോകനാര്‍കാവ് ശൈവവൈഷ്ണവശാക്തേയ സങ്കല്‍പ്പങ്ങള്‍ ഒത്തുചേര്‍ന്ന ഒരപൂര്‍വ ക്ഷേത്രം. ഒതേനന്റെ വീരപദാനങ്ങളിലൂടെയാണ് ലോകനാര്‍ക്കാവും പ്രശസ്തമായത്.
കടത്തനാട്ടിലെ നാടുവാഴി പുതുപ്പണം വാഴുന്നോരുടേയും മാണിക്കോത്ത് ഉപ്പാട്ടിയുടെയും മകനായിട്ടായിരുന്നു ഒതേന്‍ ജനിച്ചത്. മയ്യഴിയിലും തുളുനാട്ടിലും പോയി പതിനെട്ടടവും പഠിച്ച വീരന്‍. ലോകനാര്‍ക്കാവിലമ്മയുടെ അനുഗ്രഹത്താല്‍ അറുപത്തിനാല് അങ്കവും ജയിച്ചു.
ഒടുവില്‍ അസംഭവ്യം എന്ന് കരുതിയ കതിരൂര്‍ ഗുരുക്കളുമായുള്ള അങ്കത്തട്ടിലും ജയിച്ചു കയറി. പോന്നിയത്തെ അങ്കത്തില്‍ ജയിച്ച ആഹ്ലാദത്തോടെ വീട്ടിലേക്ക് മടങ്ങിയ ഒതേനന്‍ കളരിയില്‍ മറന്നുവച്ച മടിയായുധം തിരിച്ചെടുക്കാന്‍ ചെന്നു. അപ്പോള്‍ ഗുരുക്കളുടെ ശിഷ്യന്‍ മായന്‍കുട്ടി പതിയിരുന്ന് ഒതേനനെ വെടിവച്ച് ചതിച്ചുകൊന്നു. കാവിലമ്മയുടെ സാന്നിധ്യം ഈ ഈ സമയത്ത് ഇല്ലാതിരുന്നതിനാലാണ് ഒതേനന്‍ അത്യാഹിതം സംഭവിച്ചതെന്ന് പറയുന്നു. ലോകനാര്‍കാവിലെ തോറ്റംചൊല്ലലും നഗര പ്രദക്ഷിണവും ഏറെ പ്രസിദ്ധമാണ്. ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നെള്ളത്ത് കടന്നുപോകുന്ന വഴിയില്‍ കരിയില കൂട്ടിയിട്ട് തീയിട്ടും പടക്കംപൊട്ടിച്ചും സ്വീകരിക്കും. ലോകനാര്‍ക്കാവിലെ ആറാട്ടിന് പൂരംകളിയെന്ന് പറയും.
മലബാറിലെ മറ്റ് ക്ഷേത്രങ്ങളിലെ പൂരംകളിയില്‍നിന്നും വ്യത്യസ്തമാണിത്. നട അടച്ചു കഴിഞ്ഞശേഷമാണ് കളി തുടങ്ങുള്ളു. പൂരമാല ചൊല്ലുമ്പോള്‍ ദേവിയും കളിയില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസം. വൃശ്ചികം ഒന്നിന് നടക്കുന്ന വാള്‍ എഴുന്നള്ളത്താണ് മറ്റൊരു ചടങ്ങാണ്. ഇവിടത്തെ ഇളനീര്‍ വരവും ഓണത്തിനും വിഷുവിനുമുള്ള തേങ്ങ ഏറും പ്രശസ്തമാണ്.
പൊതിച്ച തേങ്ങ ചിറയില്‍ മുക്കി ക്ഷേത്രത്തിന് പ്രദക്ഷിണംവച്ച് മുന്നിലുള്ള കരിങ്കല്ലില്‍ എറിഞ്ഞുടയ്ക്കുന്നത് ഒരു വഴിപാടാണ്. മകര സംക്രമണത്തിന് ഉച്ചാല്‍ വിളക്കുണ്ട്. ലോകനാര്‍കാവ് ഭഗവതി കോംഗ്ങ്ങന്നൂര്‍ ക്ഷേത്രത്തിലെ അനിയത്തിയെ കാണാനുള്ള എഴുന്നെള്ളത്താണിത്. ലോകനാര്‍ക്കാവിലെ പ്രശസ്തമായ മറ്റൊരു ചടങ്ങ് സത്യം ചൊല്ലല്‍ ആയിരുന്നു. ഏതൊരാളിന്റെയും നിരപരാധിത്വം തെളിയിക്കും വിധം വിപുലമായ ചടങ്ങോടെയുള്ള സത്യം ചൊല്ലല്‍.
കാലത്തിന്റെ കുത്തൊഴുക്കില്‍ അതും വെറും ചടങ്ങായി മാറി. എന്നാല്‍ ലോകനാര്‍ക്കാവിലമ്മയാണെ എന്ന് നീട്ടിവിളിച്ചുള്ള സത്യം ചൊല്ലലിന് അന്നും ഇന്നും ആത്മാവിന്റെ സ്പര്‍ശമുണ്ട്.
Lokanarkavu is a name familiar to the Malayalees along with the Valpayat in the North