കുറ്റ്യാടി:(kuttiadi.truevisionnews.com) ഉരുക്കുപോലെ ഉറച്ച നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏത് ലക്ഷ്യവും അനായാസം എത്തിപ്പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വടയം സ്വദേശി 26കാരനായ കെ.സി സജീര്‍.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവിധ വകുപ്പുകളിലായി നടന്ന പരീക്ഷയില്‍ പതിനഞ്ചോളം ലിസ്റ്റില്‍ സജീറിന്റെ പേരുണ്ട്.
എല്‍.ജി.എസ്, ജയില്‍ വാര്‍ഡന്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, കെ.എസ്.ഇ.ബി അസി.ഗ്രേഡ്-2, ഐ.ആര്‍.ബി, സി.പി.ഒ, വെബ്‌കോ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍, അസി.പ്രിസണ്‍ ഓഫിസര്‍, ഫയര്‍ ഓഫിസര്‍ എന്നിവ ലഭിച്ചതില്‍ പ്രധാനപ്പെട്ടവയാണ്.
മിക്കവയിലും മൂന്ന് മുതല്‍ നൂറ് വരെയുള്ള റാങ്കോടെയാണ് വിജയിച്ചതും. ഒടുവില്‍ ഏറെ ആഗ്രഹിച്ച കാക്കിയിലെ എസ്.ഐ ജോലിയും സജീര്‍ കരസ്ഥമാക്കിയിരിക്കുകയാണ്.
പഠനത്തിന് ശേഷം സി.എം.എ പൂര്‍ത്തിയാക്കി നല്ലൊരു ജോലിയില്‍ ദുബായിക്ക് പറക്കാനിരിക്കെയാണ് കാര്യങ്ങളാകെ മാറി മറിഞ്ഞത്.
പൊടുന്നനെ കൊവിഡ് വന്നു. രോഗവ്യാപനം മൂലം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വിദേശയാത്ര പൂര്‍ണമായി അനിശ്ചതത്വത്തിലായി. ഗള്‍ഫ് ജോലി പിതാവിന്റെ നിര്‍ബന്ധപ്രകാരമായതിനാല്‍ അതിനായി കാത്തിരിക്കാന്‍ സജീറിന്റെ മനസനുവദിച്ചില്ല.
ലോക്ഡൗണ്‍ കാലത്തെ ചടഞ്ഞിരുപ്പില്‍ പി.എസ്.സിയെ കുറിച്ചാലോചിക്കുകയും ഏതെങ്കിലുമൊരു സര്‍ക്കാര്‍ ജോലി നേടുകയെന്ന ലക്ഷ്യത്തോടെ പിന്നീട് 2021 ഒക്ടോബര്‍ മുതല്‍ അതിനായുള്ള തെയാറെടുപ്പുകള്‍ ആരംഭിക്കുകയുമായിരുന്നു.
നിയന്ത്രണം നീങ്ങിയതോടെ കുറ്റ്യാടിയിലെ ഒരു സ്വകാര്യ കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പ്രാഥമിക പഠന ഉറപ്പുവരുത്തി സ്വന്തമായി പഠനം ക്രമീകരിച്ചു.
കോച്ചിങ് സെന്ററിലെ ഫീസ് നല്‍കാനും ജീവിതച്ചിലവിനുമായി ക്ലാസില്ലാത്ത സമയങ്ങളില്‍ പന്തല്‍പണിക്ക് പോയി പണം കണ്ടെത്തി. ജോലിയില്ലാത്ത സമയങ്ങളില്‍ ചിലപ്പോഴൊക്കെ കടം വാങ്ങിയും ആവശ്യം നിറവേറ്റി.
യോഗ്യതയുള്ള പ്രകാരം പരീക്ഷകളെഴുതി. എഴുതിയ പരീക്ഷകളിലൊക്കെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ചു.
ജീവിതത്തിലെപ്പോഴോ കാക്കിയോട് ഒരിഷ്ടം പൂവിട്ടിരുന്നതിനാല്‍ സജീറിന്റെ പിന്നീടുള്ള ഒരുക്കങ്ങളത്രയും അതിന് വേണ്ടിയായിരുന്നു. ഇതിനിടെ മുടങ്ങിയ ഗള്‍ഫ് ജോലിയിലേക്ക് പോകണമെന്നാവശ്യപ്പെട്ട് സജീറിന് വീട്ടുകാരുടെ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു.
പി.എസ്.സി പഠിക്കുന്നുണ്ടന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും വീട്ടില്‍ പങ്കുവെച്ചിരുന്നില്ല.ഒടുവില്‍ കഴിഞ്ഞ മാസം അസി.പ്രിസണ്‍ ഓഫിസറായി ജില്ലാ ജയിലില്‍ പ്രവേശിക്കണമെന്നുള്ള അറിയിപ്പ് വന്നതോടെയാണ് സജീറിന്റെ പരിശ്രമത്തിന്റെ മധുരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്.
പഠനത്തിനായി കൃത്യമായ ക്രമീകരണവും നിരന്തരമായുള്ള ആവര്‍ത്തനവുമാണ് വിജയ വഴിവെട്ടിത്തെളിക്കാന്‍ കാരണമായെന്ന് സജീര്‍ പറയുന്നു.
ഇതിനിടെ ഏറ്റവുമൊടുവിലായി വന്ന എസ്.ഐ റാങ്ക് ലിസ്റ്റില്‍ കൂടി സജീര്‍ ഉണ്ടെന്നറിഞ്ഞതോടെ നാട്ടിലും വീട്ടിലും താരമായിരിക്കുകയാണ്. പ്രവാസിയായ കൈതച്ചാലില്‍ മൊയ്തു-സുബൈദ ദമ്പതികളുടെ മകനാണ്.
സഹല, സഫ സഹോദരങ്ങളാണ്. സജീവ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനായ സജീര്‍ നിലവില്‍ കുറ്റ്യാടി മേഖല ട്രന്റ് സമിതി കണ്‍വീനര്‍ കൂടിയാണ്.
ഇനിയെന്തെങ്കിലും ആഗ്രമുണ്ടോ എന്ന ചോദ്യത്തിന് സിവില്‍ സര്‍വിസ് എന്ന ഉത്തരം കൂടി സജീറിനുണ്ട്.
#Sajeer #Vadayam #landed #his #dream #job #through #sheer #determination