കുറ്റ്യാടി: (kuttiadi.truevisionnews.com) ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഇന്ന് നാട്ടിൽ എത്തിക്കും.
അവധിക്കാലമാഘോഷിക്കാൻ കുറ്റ്യാടിയിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുടുംബം. ഊട്ടി-ഗുഡല്ലൂർ ദേശീയപാതയിലെ ട്രീ പാർക്ക് ടൂറിസ്റ്റ് സെന്‍ററിൽ മൂന്ന് വൈകിട്ട് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീതിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്.


കുറ്റ്യാടി ഭാഗത്തുനിന്ന് പതിനാല് പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ധാരാളം മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാർക്ക് ഭാഗത്ത് ചുറ്റിനടക്കുമ്പോൾ ആദിദേവിന്‍റെ തലയിൽ പൊടുന്നനെ പൈൻമരം വീഴുകയായിരുന്നു. പരിക്കേറ്റ ആദിദേവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പൊലീസും വനംവകുപ്പും സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആറ് മണിക്ക് പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ മൃതദേഹം രാത്രി പതിനൊന്ന് മണിയോടെ മൊകേരിയിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ പൊതുദർശനത്തിനു ശേഷം ഒമ്പത് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
വട്ടോളി സംസ്കൃതം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിദേവ്. അച്ഛൻ പ്രസീദ് കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽസ് വെയർഹൗസ് മാനേജറാണ്.
student from Kuttiadi died after pine tree fell him Ooty