കുറ്റാടി: സംസ്ഥാനത്ത് 2022-23 വർഷത്തെ കായകൽപ്പ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ കുറ്റ്യാടി താലൂക്ക് ആശുപത്രി തുടർച്ചയായ മൂന്നാം വർഷവും കായകൽപ്പ് പുരസ്‌കാരത്തിന്റെ നിറവിൽ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് കമൻഡേഷൻ അവാർഡാണ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാർ ഒറ്റക്കെട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പുതിയ കെട്ടിടങ്ങളും സംവിധാനങ്ങളും ഉള്ള ആശുപത്രികളോട് മത്സരിച്ച് പഴക്കം ചെന്ന കുറ്റ്യാടി ആശുപത്രിയും കായകൽപ്പ് പുരസ്‌കാരത്തിൽ ഇടം നേടിയിരിക്കുന്നത്.


താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി ആയാണ് കുറ്റാടി താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത് എങ്കിലും പഴയ സി.എച്ച്.സി. സ്റ്റാഫ് പാറ്റേൺ മാത്രമാണ് ഇവിടെ ഉളളത്. പരിമിതികൾക്കിടയിലും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും, എച്ച്.എം.സി.യുടെയും സഹായത്തോടെ നിരവധിയായ പ്രവർത്തനങ്ങളാണ് ആശുപത്രി കാഴ്ച്ച വയ്ക്കുന്നത്.
താലൂക്ക് ആശുപത്രികളിൽ വച്ച് ഏറ്റവും കൂടുതൽ ജനറൽ സർജറിയും ഓർത്തോ സർജറിയും ഇവിടെ നടന്നു വരുന്നു. സംസ്ഥാനത്ത് അദ്യമായി ഒരു താലൂക്ക് ആശുപത്രിയിൽ 4 വയസുകാരന് ഫുൾ അനസ്തേഷ്യ നൽകി പീഡിയാട്രിക് സർജറി നടത്തിയതും കഴിഞ്ഞ ആഴ്ചയിൽ ഇവിടെയാണ്. കായകൽപ്പ് പുരസ്‌കാരം കരസ്ഥമാക്കിയ താലൂക്ക് ആശുപത്രി ജീവനക്കാർക്ക് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രിയുടെ നേതൃത്വത്തിൽ ഭരണ സമിതി അഭിനന്ദനങ്ങൾ അറിയിച്ചു.
For the third consecutive year; Kayakalpa Award for Kuttyadi Taluk Hospital