കുറ്റ്യാടി: നരിപ്പറ്റയിൽ 23 വർഷമായി പ്രവർത്തിച്ചുവരുന്ന ഫൈറ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. അഖിലേന്ത്യാ പുരുഷ, വനിതാ വോളിബോൾ ടൂർണ്ണമെൻറ് ഏപ്രിൽ 1 മുതൽ 7 വരെ നരിപ്പറ്റ ആർ എൻ എം എച്ച് എസ് എസ് ഗ്രൗണ്ടിൽ നടക്കും. കണ്ണൂർ ജില്ലയോടും വയനാട് ജില്ലയോടും അടുത്ത് നിൽക്കുന്ന പ്രദേശം കൂടിയാണ് നരിപ്പറ്റ. ഇവിടുത്തെ ഗ്രാമവാസികൾക്ക് വോളിബോൾ എന്നത് കേവലം ഒരു ഗെയിം എന്നതിനപ്പുറം ഒരു വികാരമാണ്.


ദേശീയ അന്തർദേശീയ തലത്തിൽ നമ്മുടെ അഭിമാനമായ ഇന്ത്യൻ വോളിയുടെ മഹാരഥൻ ജിമ്മി ജോർജ് ഉൾപ്പടെ നിരവധി കായിക താരങ്ങൾക്ക് ജന്മം കൊടുത്ത കടത്തനാടിന്റെ ചരിത്രങ്ങളിൽ നരിപ്പറ്റയുടെയും സമീപപ്രദേശങ്ങളുടെയും സംഭാവന വളരെ വലുതാണ്. ഈ ടൂർണമെന്റിന്റെ സദുദ്ദേശം കൂടെ വ്യക്തമാക്കാം, ഇപ്പോഴത്തെ കുട്ടികളിൽ നല്ലൊരു ഭാഗവും കേട്ടറിവ് പോലുമില്ലാത്ത ലഹരി വസ്തുക്കളുടെ പിടിയിൽ ആണ് മാത്രമല്ല സ്മാർട്ട് ഫോൺ യുഗം ആയതിനാൽ കുഞ്ഞുമക്കൾ മുതൽ ഇന്റർനെറ്റിന്റെ മായിക ലോകത്താണ്, ഇത് രണ്ടും ഇന്നത്തെ സമൂഹവും രക്ഷിതാക്കളും നേരിടുന്ന വലിയ പ്രശ്നങ്ങൾ ആണ്.
ആയതിനാൽ ഈ അഖിലേന്ത്യാ വോളിയിൽ നിന്നും മിച്ചം വരുന്ന തുക ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ലഭ്യമായതിൽ വച്ച് മികച്ച കായിക പരിശീലനം നൽകി വളർത്തിക്കൊണ്ട് വരികയെന്ന വലിയൊരു ലക്ഷ്യം ഇതിന്റെ പുറകിൽ ഉണ്ട്. ഏഴ് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ വോളി മാമാങ്കത്തിൽ ദേശീയ തലത്തിലെ ഏറ്റവും മികച്ച ടീമുകളും, താരങ്ങളും പന്ത് തട്ടാനെത്തുന്നു. ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, കൊച്ചിൻ കസ്റ്റംസ്, ബിപിസിഎല്‍ കൊച്ചി കർണാടക സിക്സേഴ്സ്, കേരള പോലീസ് ടീമുകൾക്ക് വേണ്ടി അസ്വാൽ റായ്, ജെറോം വിനീത്, അജിത് ലാൽ, അസ്മത്ത് ഉള്ള, കാർത്തിക്, റഹീം, പങ്കജ് ശർമ അഖിൻ ദാസ്, എറിൻ വർക്കി, മുത്തു സ്വാമി, നിയാസ് അബ്‌ദുൾ സലാം മനു ജോസഫ്, വിഘ്‌നേഷ് തുടങ്ങിയ ദേശീയ അന്തർദേശീയ താരങ്ങൾ പങ്കെടുക്കുന്നു.
കൂടാതെ രാജ്യത്തെ മികച്ച 4 വനിതാ ടീമുകളും ഏപ്രിൽ ആദ്യവാരം നരിപ്പറ്റയുടെ മണ്ണിനെ പ്രകമ്പനം കൊള്ളിക്കും. ഇതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി ഈ അഖിലേന്ത്യാ വോളിയുടെ ഭാഗമായി എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് വിനയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു.പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ ടി.പി പവിത്രൻ, ട്രഷറർ ടി.പ്രസിദ്, ജോ: കൺവീനർമാർ പി. മനോജ്, ടെക്നിക്കൽ കമ്മിറ്റി അംഗം എസ് സഞ്ഞുലാൽ എന്നിവർ പങ്കെടുത്തു
Volleyball Tournament; Fighters Arts & Sports Club