തൊട്ടിൽപ്പാലം: പഴകിയ ഷീറ്റും താർപ്പായയും മൂടി ആകെ ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്. ഭാര്യയും മൂന്ന് കുട്ടികളും. ഗൃഹനാഥന്റെ കൂലിപ്പണിയിൽനിന്നുള്ള വരുമാനം കൊണ്ടുവേണം അടുപ്പിൽ തീ പുകയാൻ.


കുടിവെള്ളംപോലും കിട്ടാക്കനിയായ, വീട്ടിലേക്ക് ശരിയായ ഒരു വഴി സൗകര്യം പോലുമില്ലാത്ത നിസ്സഹായവസ്ഥയിലാണ് കാവിലുമ്പാറ പഞ്ചായത്ത് 16-ാം വാർഡിലെ വണ്ണത്താംകോട്ട മലയിലെ കവനാൽ സുരേഷും കുടുംബവും. വീടുൾപ്പെടുന്ന അഞ്ച് സെന്റ് സ്ഥലമാണ് ഈ കുടുംബത്തിന്റെ ആകെ സമ്പാദ്യം. അതും പാറക്കൂട്ടം നിറഞ്ഞ സ്ഥലം.
വാളക്കയം റോഡിൽ നിന്ന് 200 മീറ്റേറാളം കുത്തനെയുള്ള ഒറ്റയടിപ്പാതയിലൂടെ വേണം വീട്ടിലെത്താൻ. സുരേഷിന്റെ ഭാര്യ ശ്രീജയാവട്ടെ ശാരീരിക അസുഖം കാരണം ജോലിക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. മൂത്ത മകൻ അതുൽ ചാത്തങ്കോട്ടുനട ഹൈസ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി.
സ്കൂളിലെ കുട്ടിപ്പോലീസ് അംഗം കൂടിയാണ് ഈ മിടുക്കൻ. മറ്റ് രണ്ടു കുട്ടികൾ ഒൻപതിലും അഞ്ചിലും പഠിക്കുന്നു. ചാപ്പൻതോട്ടം മലയിലെ ഒരു പുഴ തീരത്തായിരുന്നു സുരേഷും കുടുംബവും താമസിച്ചിരുന്നത്. പുഴ ജീവന് ഭീഷണിയായപ്പോൾ എല്ലാം പെറുക്കിവിറ്റാണ് എട്ടുവർഷം മുമ്പ് വണ്ണത്താംകോട്ടയിലെ ഈ വീട് വിലയ്ക്കെടുത്തത്.
കൈയിലുള്ള പണം മുഴുവൻ അതിനായി ചെലവഴിച്ചു. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടിന് അപക്ഷ നൽകിയെങ്കിലും അർഹരുടെ പട്ടികയിൽ ഇടം പിടിക്കാനായിട്ടില്ല. പട്ടികയിൽ എല്ലാം കൊല്ലവും പേരുണ്ടാവും. ഇതുവരെ പദ്ധതിയിലുൾപ്പെട്ട് വീട് നിർമാണ സഹായം കിട്ടിയിട്ടില്ലെന്ന് സുരേഷും ശ്രീജയും പറഞ്ഞു.
Suresh and family in a leaky one-room house