കക്കട്ട് : (kuttiadi.truevisionnews.com) ഇന്നലെ ആ ദുരന്ത വാർത്ത കേട്ടത് മുതൽ ഈ ഗ്രാമം വിറങ്ങലിച്ചു.
ഉറ്റവരെല്ലാം ഉള്ളിലൊതുക്കിയ സങ്കട കടൽ അക്ഷരാർത്ഥത്തിൽ കണ്ണീർ മഴയായി പെയ്തു. നാടിൻ്റെ പ്രിയങ്കരനായ രാജേഷ് ആ മഴ നനഞ്ഞ് യാത്രയായി.
കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് മരിച്ച സ്കൂട്ടർയാത്രികനായ രാജേഷിന് കണ്ണീരോടെ വിടചൊല്ലി നാട്. മൂന്നരയോടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം.
മക്കളായ അലയും അഹലുമാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം മൂന്നുമണിയോടെ വീട്ടിൽ എത്തിച്ചു.
വീട്ടിലെ പൊതുദർശനത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
മൂന്നരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛന്റെ ചിതയ്ക്ക് മക്കൾ തീ കൊളുത്തിയപ്പോൾ കണ്ടുനിന്നവർക്ക് കണ്ണീർ അടക്കാനായില്ല.
നാട്ടിലെ പൊതുപരിപാടികളിൽ സജീവമായിരുന്ന രാജേഷിന്റെ ആകസ്മികമായ മരണം ഉറ്റവരെയും നാടിനെയും ആകെ നൊമ്പരക്കടലിലാക്കി .
കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ കക്കാട്ട് മീത്തൽ രാജേഷ്( 46 ) ആണ് അപകടത്തിൽ മരിച്ചത്.
അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ്സിന്റെ കാറ്റിൽ രാജേഷ് ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നിയന്ത്രണം വിട്ട സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും , ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറായ മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അച്ഛൻ പരേതനായ കക്കാട്ട് മീത്തൽ കണ്ണൻ. അമ്മ രാധ. ഭാര്യ ലിനിഷ. മക്കൾ: അലയ് കാർത്തിക്, അഹൽ കാർത്തിക്. സഹോദരങ്ങൾ: പുഷ്പ, രാഗലത.
#Naripatta #Drenched #tears #nation #funeral #held #house