തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയിലും കരിങ്ങാട്ടും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കനത്തമഴ കാരണം തിരച്ചിൽ നടത്താൻ സാധിച്ചിട്ടില്ല. രാവിലെ വീണ്ടും ദൗത്യം തുടരും. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് തിരയുന്നത്.
ആർ ആർ ടിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് തിരച്ചിൽ നടത്തി വരുന്നത്. ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഈ മാസം 12 ന് നാലുപേർക്ക് പരുക്കേറ്റിരുന്നു. രണ്ട് സ്ത്രീകൾക്കും രണ്ടു കുട്ടികൾക്കുമാണ് പരുക്കേറ്റത്. പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത, സനിക എന്നിവർക്കും ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ, മകൻ എബിൻ എന്നിവർക്കുമാണ് പരുക്കേറ്റത്. ബൈക്ക് തട്ടിയിട്ട ആനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് ഇവർക്ക് ജീവൻ തിരിച്ചുകിട്ടിയത്.
Search continues for wild elephant calf that strayed into residential area