കക്കട്ടിൽ : ശ്വാസംമുട്ടി അലഞ്ഞ തെരുവ് നായക്ക് രക്ഷയൊരുക്കി നാട്ടുകാർ.ദിവസങ്ങളായി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ നായയെ കുളങ്ങരത്തെ നാട്ടുകാർ രക്ഷപ്പെടുത്തി.
തലപുറത്തെടുക്കാനാവാതെ നായ അവശനായി വീട്ടുവരാന്തയിൽ കിടക്കുന്നത് വാർഡ് മെമ്പർ വാട്സാപ്പ് ഗ്രൂപ്പിലൂടെ രണ്ടുദിവസം മുമ്പ് അറിയിച്ചതോടെയാണ് നാട്ടുകാർ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.
എന്നാൽ, രക്ഷകരെ തിരിച്ചറിയാതെ നായ ഭയന്നോടുന്നത് കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. തലയിൽ കുപ്പി കുടുങ്ങിയതിനാൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല.
തീർത്തും അവശനിലയിലായ നായ തിങ്കളാഴ്ച വൈകീട്ട് നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ കിടക്കുന്ന കാര്യം അറിഞ്ഞതോടെ റിട്ടയേർഡ് അധ്യാപകൻ തറമ്മൽ ശശിധരൻ, കോറോത്ത് മുനീർ, കളരിക്കണ്ടി നാസർ, സുധീർ പാറച്ചാലിൽ, ഷമീർ കടുക്കാംപറമ്പത്ത്, കുഞ്ഞമ്മദ് കോറോത്ത് എന്നിവർചേർന്ന് കുപ്പി മുറിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
Breathing straight; Locals rescue a stray dog with a plastic bottle stuck in its head.