കുറ്റ്യാടി: (kuttiadi.truevisionnews.com)വിലങ്ങാടിനടുത്ത് വളുക്ക് പുഴയോരത്ത് ദുരുഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുമ്പളച്ചോല സ്വദേശിയും നാദാപുരം എം.ഇ.ടി കോളജ് കെ.എസ്.യൂ യൂനിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ മരണത്തിൽ ദുരുഹതയെന്ന് കുടുംബത്തിന്റെ പരാതി.
അച്ഛൻ്റെ പരാതി പൊലീസ് ഗൗരവതരമാണെന്നും പൊലിസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു. അക്ഷയുടെ വീട് യു.ഡി.എഫ് നേതാക്കൾക്കൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വിഷുവിന്റെ തലേദിവസം വളരെ സന്തോഷത്തോടെ സമയം ചിലവഴിക്കുകയും സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്ത അക്ഷയ് പിറ്റേ ദിവസം രാവിലെ മരിച്ച നിലയിൽ കാണുകയാണുണ്ടായത്.
തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകാമാണെന്നും പിതാവ് സുരേഷ് പുന്നക്കലിനോട് പറഞ്ഞു. മരം കയറാൻ അറിയാത്തവൻ മീറ്ററുകൾ ഉയരത്തിൽ കയറി എന്നത് വിശ്വസിക്കാൻ ആവില്ലെന്നും കൊലപാതകം വിദഗ്ധമായി ആത്മഹത്യയാക്കി മാറ്റിയതാണെന്നും അദ്ദേഹം പരാതിപ്പെട്ടു.
വിഷുവിന് തന്റെ കൂട്ടുകാർക്കായി വിവിധ പായസങ്ങൾ ഉണ്ടാക്കി വെക്കണമെന്നാവശ്യപ്പെട്ട് പോയ തന്റെ മകൻ ജീവിതത്തിൽ ഏറെ പ്രതീക്ഷ ഉള്ളവനായിരുന്നെന്നും അത് ആരൊക്കെയോ ചേർന്ന് തല്ലിക്കെടുത്തിയതാണെന്നും വിതുമ്പലിനിടെ അമ്മയും പറഞ്ഞു.
സംഭവത്തിൽ പൊലിസ് സമഗ്രമായ അന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ടു വരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കാൻ യു.ഡി.എഫ് മുൻപന്തിയിൽ ഉണ്ടാകുമെന്നും പുന്നക്കൽ വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളായ സി.കെ നാണു, പാലോൽ കുഞ്ഞമ്മദ്, പി.കെ കുമാരൻ, കൊയ്യാൽ ഭാസ്കരൻ, എം കുഞ്ഞിക്കണ്ണൻ, ശരീഫ് നരിപ്പറ്റ, ചത്തോത് അമ്മദ് തുടങ്ങിയവർ അനുഗമിച്ചു.
#Akshay #mysterious #death #Akshay #endangered #son #never #commit #suicide #Father #Suresh #lodged #police #complaint