കുറ്റ്യാടി:(kuttiadi.truevisionnews.com)കുയിച്ചാൽ മുക്ക്- പൂക്കുന്ന് റോഡ് ശോചനീയാവസ്ഥയിൽ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കുയിച്ചാൽ കുന്ന്, പൂക്കുന്ന് ഭാഗത്തെ ജനങ്ങൾക്ക് കാൽനടയാത്ര പോലും പ്രയാസമാവുകയാണ്.
ഇരുപത് വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച റോഡ് ശോചനീയാവസ്ഥയിലാണ്.
ഇത് സഞ്ചാര യോഗ്യമാക്കി മാറ്റാൻ പഞ്ചായത്ത് അധികൃതർ ശ്രദ്ധിച്ചാൽ പ്രദേശത്തെ ഇരുപതോളം വീട്ടുകാർക്ക് ഏറെ ആശ്വാസകരമാവും.
വടയം, മോകേരി റോഡിൽ നിന്ന് ഇടത് വശത്ത് കൂടിയുള്ള കയറ്റമാണ് കുയിച്ചാൽ മുക്ക്-പൂക്കുന്ന് ഭാഗം.
പ്രദേശവാസികൾ കാട് വെട്ടിയും വീതി കൂട്ടിയുമാണ് നിലവിലെ യാത്രയ്ക്ക് പരിമിതമായ സൗകര്യമൊരുക്കിയത്.കയറ്റുമുള്ള പാതയായതിനാൽ മഴക്കാലത്ത് വെള്ളം കുത്തി ഒഴുകി റോഡ് തകർന്നിരിക്കുകയാണ്.
അത്യാവശ്യ ഘട്ടങ്ങളിൽ ഏറെ പ്രയാസപെട്ടാണ് ഇരുചക്ര, മുചക്ര വാഹനങ്ങൾ ഈ വഴി കടന്നുപോകുന്നത്.
ഏഴുവർഷം മുൻപ് പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട്ലക്ഷം രൂപ ഉപയോഗിച്ച് ഏകദേശം എഴുന്നൂറോളം മീറ്റർ നീളമുള്ള പാതയുടെ മദ്ധ്യഭാഗം പതിനഞ്ച് മീറ്ററോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
റോഡിൻറെ ശോചനീയാവസ്ഥകാരണം പ്രദേശത്തെ രോഗബാധിതരെ കസേരയിൽ ഇരുത്തിയും മറ്റുമാണ് താഴേക്കെത്തിക്കുന്നത്. ഇതിനു പുറമെ വയോജനങ്ങൾ,
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സമീപത്തെ പ്രധാന റോഡായ വടയം - മൊകേരി റോഡിൽ എത്തുന്നത് ഏറെ പ്രയാസപെട്ടാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് വിഷയത്തിൽ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
#Kuichal #MukPookun #Road #deplorable #condition