വേളം:(kuttiadi.truevisinnews.com) കുറ്റ്യാടി മണ്ഡലത്തിലെ മണിമല നാളീകര പാർക്കിൽ 2025 ജനുവരിയോടെ വ്യവസായികളെ ക്ഷണിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.
പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു.
മണിമല നാളികേര പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നും, പാർക്കിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ചുറ്റുമതിലിന്റെ മുൻഭാഗം, വാച്ച് മാൻ ക്യാബിൻ ,കുഴൽക്കിണർ എന്നിവയുടെ പ്രവൃത്തി വരുന്ന സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമ സഭയെ അറിയിച്ചു.
നാളികേര പാർക്കിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി 250 കിലോവാട്ട് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കെ.എസ്.ഐ.ഡി.സി ആരംഭിച്ചതായും, കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് നടപടികൾ തുടർന്ന് വരികയാണെന്നും മന്ത്രി അറിയിച്ചു.
ഈ വരുന്ന ഡിസംബറിനു മുൻപായി പാർക്കിനു വേണ്ടി കണ്ടെത്തിയിട്ടുള്ള സ്ഥലത്തിൽ നിന്നും അഞ്ച് ഏക്കറിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്, വ്യവസായങ്ങൾക്ക് യോഗ്യമാക്കാൻ കഴിയുമെന്നും , നിലവിൽ ഏഴര കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണിമലയിൽ നടന്നുവരുന്നത്.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരാറുണ്ടെന്ന് എം.എൽ.എ അറിയിച്ചു.
#Industrialists #invited #beginning #year #next #year #Kuttyadi #Coconut Park