കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ ബന്ധപ്പെട്ടവർ നടത്തിയ പ്രഖ്യാപനം പ്രഹസനമെന്ന് എസ്. ഡി.പി.ഐ.
നിലവിലെ ആശുപത്രിയുടെ ശോചനീയവസ്ഥക്കെതിരെ എസ്. ഡി.പി.ഐ ഉൾപ്പെടെ നടത്തിയ സമരത്തിന്റെ ഭാഗമായി ഉയർന്ന് വന്ന ജനരോഷം തണുപ്പിക്കാനുള്ള ചെപ്പടിവിദ്യയും മാത്രമാണെന്ന് എസ്.ഡി.പി ഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി വ്യക്തമാക്കി.
അനസ്തേഷ്യ, പീഡിയാട്രിക് ഉൾപ്പെടെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം, ഉച്ചയ്ക്ക് ശേഷമുള്ള കാഷ്വാലിറ്റിയിലെ ഡോക്ടർമാരുടെ ക്ഷാമം, 24 മണിക്കൂറും ഫാർമസിയിൽ മരുന്നും സ്റ്റാഫും, നഴ്സിംഗ്, അറ്റൻഡർ, ലാബ് എന്നിവടങ്ങളിലെ സ്റ്റാഫുകളുടെ കുറവ് തുടങ്ങിയ വിഷയങ്ങളിൽ സർവ്വകക്ഷി യോഗത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
ഇതിന് മുമ്പും ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർ പ്രസവവാർഡ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
രണ്ട് ഗൈനക്കോളജിസ്റ്റിന്റെയും ശിശുരോഗ വിദഗ്ധന്റെയും സേവനം ഉറപ്പാക്കാതെ പ്രസവവാർഡ് പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം പ്രഹസനം മാത്രമാണെന്നും അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ച് കൊണ്ടുള്ള തീരുമാനങ്ങൾ താലൂക്ക് ആശുപത്രി നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്നും അവർ വ്യക്തമാക്കി.
ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും എസ്. ഡി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അറിയിച്ചു.
എസ്. ഡി.പി.ഐ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷം വഹിച്ച യോഗത്തിൽ മണ്ഡലം കമ്മറ്റി അംഗങ്ങളായ ടി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ,
അബുല്ലൈസ് മാസ്റ്റർ, നദീർ മാസ്റ്റർ, ഹമീദ് കല്ലുമ്പുറം, റഫീഖ് മാസ്റ്റർ, ആർ എം, റഹീം മാസ്റ്റർ, പി ടി കുട്ട്യാലി, സൂപ്പി മാസ്റ്റർ, സജീർ വടയം, റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
#Kuttyadi #GovtTaluk #Hospital #Sarvakshi #Yuga #Prahasanam #SDPI