കുറ്റ്യാടി: (kuttiadi.truevisionnews.com) മലയോര മേഖലകളിൽ ഉൾപ്പെടെയുള്ള വടകര താലൂക്കിലെ ജനങ്ങളുടെ വലിയ ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ മുഖഛായ മാറ്റുന്ന വലിയ വികസന പ്രവർത്തനങ്ങൾ. 28.5 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയാകുന്നതോടെ നാടിൻ്റെ വലിയ സ്വപ്നം യാഥാർത്ഥ്യമാകും.


നിലവിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പരിമിതമായ സൗകര്യങ്ങൾ കാരണം വീർപ്പുമുട്ടുന്ന അവസ്ഥയുണ്ട്. അഞ്ചു നിലകളിലായി 6929 സ്ക്വയർ മീറ്ററിൽ(74583sqft) നിർവഹണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഹൈ ഡെൻസിറ്റി യൂണിറ്റ്, നഴ്സിംഗ് സ്റ്റേഷൻ, ബൈസ്റ്റാൻഡേർസ് ഏരിയ,ഡോക്ടർസ് ഏരിയ, ലേബർ റൂം കോംപ്ലക്സ്,എമർജൻസി ഓപ്പറേഷൻ തിയേറ്റർ,പ്രൊസീജിയർ റൂം,ഐസിയു, റിക്കവറി റൂം,മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ,പുരുഷന്മാർക്കും സ്ത്രീകൾക്കും ആയുള്ള വാർഡുകൾ,എമർജൻസി ഓപ്പറേഷൻ തിയേറ്റർ,സ്റ്റോർ റൂമുകൾ എന്നിങ്ങനെ ആധുനിക രീതിയിലുള്ള ആശുപത്രിക്കായുള്ള സംവിധാനങ്ങൾ പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
മികച്ച പാർക്കിംഗ് സൗകര്യം കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ആശുപത്രി സംബന്ധമായ കോൺഫറൻസുകൾ നടത്തുവാനുള്ള സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ച്ചറൽ വിഭാഗമാണ് കെട്ടിട രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പ്രവർത്തിയുടെ നിർവഹണം നടത്തുന്നത് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ്. മുൻപ്സം സ്ഥാന സർക്കാർ ബജറ്റിൽ രണ്ടുകോടി രൂപ അനുവദിച്ച മറ്റൊരു പുതിയ ബ്ലോക്കിൻറെ കെട്ടിടവും ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ്. ഡയാലിസിസ് സെൻറർ കെട്ടിടത്തിനടുത്തായാണ് ഈ കെട്ടിടവും ഉയരുക. രണ്ട് നിലകളിലായാണ് ഈ കെട്ടിടം പണിയുക. ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും വിശ്രമത്തിനുള്ള സൗകര്യവും ഇതോടെ തയ്യാറാകും.
കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ വികസന കാര്യങ്ങൾ നിയമസഭയിൽ സബ്മിഷൻ ആയും ചോദ്യമായും ഉന്നയിച്ചിരുന്നു. കൂടാതെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന വിവിധ യോഗങ്ങളും ഈ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആകുന്നതിന് സഹായകമായതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
Kuttiadi Taluk Hospital building Construction Development works