Jul 11, 2025 06:47 PM

നാദാപുരം: (nadapuram.truevisionnews.com) സ്ത്രീ ശാക്തീകരണ പദ്ധതിയുടെ പേരിൽ നടന്ന കോടികളുടെ സ്കൂട്ടർ തട്ടിപ്പിൽ പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മിക്ക് വ്യക്തമായ പങ്കുണ്ടെന്നും, അവർ തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) പുറമേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു. തട്ടിപ്പിന് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകും.

സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 363 പേരിൽ നിന്നായി 2,35,50,000/- (രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷത്തി അമ്പതിനായിരം) രൂപ പിരിച്ചെടുത്തതായി ആരോപണമുയർന്നിരുന്നു. ആറ് മാസത്തിനകം സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, പിന്നീട് ഇത് 180 പ്രവൃത്തി ദിവസമാക്കി മാറ്റി.

2025 മെയ് 31-ന് 180 പ്രവൃത്തി ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് പണം നഷ്ടപ്പെട്ടവർ എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനി റോഡിലെ ഇ.ഡി.എസ് (Entrepreneurs Development Society) ഓഫീസും പുറമേരി പഞ്ചായത്ത് ഓഫീസും ഉപരോധിച്ച് സമരം ചെയ്തിരുന്നു.

ഇഡിഎസിൻ്റെ അക്കൗണ്ടിലേക്കാണ് എല്ലാവരും പണമടച്ചത്. എസ്.എൻ.ഡി.പി സെക്രട്ടറി സുധീഷ് കേശവപുരി മുഖേന 209 പേരും, പുറമേരി പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി, ഷിനോജ്, നൂർജഹാൻ തുടങ്ങിയവർ മുഖേനയും, ബാക്കിയുള്ളവർ നേരിട്ടുമാണ് പദ്ധതിയിൽ ചേർന്നത്.

ലൈസൻസുള്ള സ്ത്രീകളായിരിക്കണം, അഞ്ച് വർഷത്തേക്ക് വിൽക്കാൻ പാടില്ല, നിലവിൽ വാഹനം സ്വന്തമായി ഉണ്ടാകരുത്, 30,000/- രൂപയിൽ കുറഞ്ഞ മാസ വരുമാനം ഉള്ളവരായിരിക്കണം തുടങ്ങിയ നിബന്ധനകൾ അടിസ്ഥാനമാക്കിയാണ് ആളുകളെ പദ്ധതിയിൽ ചേർത്തത് ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

ഈ ആരോപണങ്ങളോട് ബന്ധപ്പെട്ട് പാർട്ടി മുഖപത്രത്തിൽ അര പേജ് ന്യായീകരണ കുറിപ്പ് എഴുതുകയല്ലാതെ കൃത്യമായ മറുപടി നൽകാൻ പ്രസിഡൻ്റ് തയ്യാറാകാത്തത് അവരുടെ പങ്ക് വ്യക്തമാക്കുന്നുവെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കോട്ടൂർ സൊസൈറ്റിയെ മാറ്റി ഇ.ഡി.എസ് സൊസൈറ്റിക്ക് പദ്ധതിയുടെ ചുമതല നൽകണമെന്ന് പ്രസിഡൻ്റ് നിർബന്ധം പിടിച്ചതായും, കുടുംബശ്രീ മുഖേന ഇതിന് പ്രചരണം നൽകുകയും' ചെയ്തിട്ടുണ്ട്.

സ്കൂട്ടർ ലഭിക്കാൻ നിലവിലെ സ്കൂട്ടറുകൾ വിറ്റും സ്വർണാഭരണങ്ങൾ പണയം വെച്ചുമൊക്കെ പണം അടച്ച സാധാരണക്കാരായ ആളുകളാണ് ഈ തട്ടിപ്പിനിരയായത്. ഇ.ഡി.എസ് സൊസൈറ്റിക്ക് തട്ടിപ്പിന് അവസരം ഒരുക്കി എന്ന ആരോപണത്തിൽ പ്രസിഡൻ്റ് ഇനിയും നിജസ്ഥിതി വിശദീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ അവർക്ക് തൽസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും യു.ഡി.എഫ് വ്യക്തമാക്കി.

പ്രസിഡൻ്റ് ഉടൻ രാജിവെച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പഞ്ചായത്ത് ആസ്ഥാനങ്ങളിലും വാർഡ് തലങ്ങളിലും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Scooter scam at half price UDF demands resignation of Panchayath President

Next TV

Top Stories










News Roundup






//Truevisionall