കുറ്റ്യാടി: കോഴിക്കോട് ജില്ലയിൽ തന്നെ പ്രകൃതി രമണീയമായ മലമ്പ്രദേശമുള്ള ഏക നിയോജകമണ്ഡലമാണ് കുറ്റ്യാടി. പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള കാർഷിക വിളകളും, തനതായ പ്രകൃതി ഭംഗിയും കുറ്റ്യാടിയുടെ പ്രത്യേകതയാണ്. പ്രസിദ്ധമായ കുറ്റ്യാടി തേങ്ങ, നാളികേര പാർക്ക്, വിവിധതരം വിനോദ പാർക്കുകൾ, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കുറ്റ്യാടി കോഴിക്കോട് ജില്ലയ്ക്കപ്പുറത്ത് സംസ്ഥാനത്തെ തന്നെ പ്രധാന ഒരു ടൂറിസ്റ്റ് ഹബ്ബായി മാറിയിട്ടുണ്ട്.


ശുദ്ധ വായു, പ്രകൃതി ഭംഗി, ഇവ ആസ്വദിക്കുവാനും നുകരുവാനും വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരികയാണ്. മലബാറിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ കുറ്റ്യാടിക്ക് പ്രഥമ സ്ഥാനമാണുള്ളത്. കുറ്റ്യാടി കാഴ്ചകളിൽ ഏറ്റവും വലിയ താരം ജാനകിക്കാട് തന്നെയാണ്. മനസ്സ് മാത്രമല്ല, ഫോണിലെ ഗാലറി വരെ നിറച്ചു തരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.
കോഴിക്കോട് നിന്നും 54 കിലോമീറ്ററും കുറ്റ്യാടിയിൽ നിന്ന് ഏഴ് കിലോമീറ്ററും അകലെയാണ് ജാനകിക്കാടുള്ളത്. മരുതോങ്കര എന്ന ഗ്രാമത്തിന്റെ പച്ചപ്പിന് മാറ്റേകി കുറ്റ്യടി പുഴയുടെ തീരത്ത് ചവറമ്മുഴി പാലത്തിനപ്പുറത്താണ് ജാനകിക്കാടുള്ളത്. 113 ഹെക്ടർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ കാട് ഇന്ന് ഇക്കോ ടൂറിസം പദ്ധതിയായണ് സംരക്ഷിക്കപ്പെടുന്നത്. കേരള വനം വകുപ്പും ജാനകികാട് വനം സംരക്ഷണസമിതിയും ചേർന്നാണ് ഇതിന്റെ നടത്തിപ്പ്. ദിനേന നിരവധി പേരാണ് ജാനകിക്കാട് സന്ദർശിക്കുവാനായി എത്തുന്നത്.
Janakikkad; The divine spring of Kuttyati