കക്കട്ടില്‍: (kuttiadi.truevisionnews.com) കുന്നുമ്മല്‍ പഞ്ചായത്ത് ഓഫീസിനു അരികിലൂടെ ഒഴുകുന്ന പാറയില്‍ തോട്ടില്‍ മാലിന്യമൊഴുകുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുകുന്നത് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമുണ്ടാവുകയും വെള്ളം കറുപ്പ് നിറത്തിലാവുകയും ചെയ്‌തെന്ന് പരിസരവാസികള്‍ പറഞ്ഞു.


പഞ്ചായത്ത് ഓഫീസിനു പുറമെ പാറയില്‍ എല്‍.പി സ്‌കൂളിലെയും മുപ്പത്തിലേറെ വീടുകളിലെയും കിണറുകളുടെ സമീപത്തു കൂടിയാണ് തോട് ഒഴുകുന്നത്. തോട്ടിലെ മാലിന്യം കുടിവെള്ള സ്രോതസ്സുകളെയും ബാധിക്കുമെന്ന ആശങ്കയിലാണ് അവർ.
നിരവധി തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നല്‍കിയെങ്കിലും പരിഹാരമായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പോലീസിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താനായില്ല. പാറയില്‍ തോട്ടിലെ വെള്ളത്തിന് നിറം മാറ്റമുണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
സമീപത്തെ സ്ഥാപനങ്ങളിലൊക്കെ പരിശോധന നടത്തിയെങ്കിലും കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ അടുത്ത ആഴ്ച്ച വീണ്ടും പരിശോധന നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.
complaints of garbage flowing into the parayil stream kunnummal