കുറ്റ്യാടി: (kuttiadi.truevisionnews.com) പി എൻ എച്ച് എന്ന അപൂർവ്വ രക്തജന്യ രോഗം ബാധിച്ച കുറ്റ്യാടി സ്വദേശി അർജുനായി കൈകോർക്കാം. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്‌ട്രേഷൻ ക്യാമ്പ് മെയ് 25 ന് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. എച്ച് എൽ എ സാമ്യമുള്ള ബ്ലഡ് സ്റ്റം സെൽ ദാതാവിനെ കണ്ടെത്തുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ക്യാമ്പ്.
അർജുന്റെ സഹോദരിയുടെ പകുതി സാമ്യമായ ബ്ലഡ് സ്റ്റം സെൽ ഉപയോഗിച്ച് ചികിത്സ നടത്തിയെങ്കിലും ട്രാൻസ്പ്ലാന്റ് പരാജയപ്പെട്ടതിനാൽ എത്രയും പെട്ടെന്ന് മറ്റൊരു പൂർണസാമ്യം കണ്ടെത്തിയാലേ ഇനി മുന്നോട്ട് പോകാനാവൂ എന്നതാണ് അവസ്ഥ.


സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. ലോകം മുഴുവൻ ഇതുവരെ രജിസ്റ്റർ ചെയ്ത 43 ദശലക്ഷം പേരിൽ നിന്ന് ആരും സാമ്യമില്ലാത്തതിനാൽ പറ്റാവുന്ന അത്രയും ആളുകളിൽ സാമ്യം നോക്കുന്നതിനായി ക്യാമ്പയിൻ നടത്തുകയാണ്.
ഞായറാഴ്ചത്തെ ക്യാമ്പിൽ 18 മുതൽ 50 വയസ് വരെയുള്ളവർക്ക് സാമ്പിൾ നൽകി ദാതാവായി രജിസ്റ്റർ ചെയ്യാം. ടെസ്റ്റ് നടത്തി റിപ്പോർട്ട് ലഭിക്കുന്നതിന് 45-60 ദിവസങ്ങൾ വേണം. സാമ്യം വന്നാൽ രോഗിക്കായി രക്തത്തിലൂടെ സ്റ്റം സെല്ലുകൾ വേർതിരിച്ചു ദാനം ചെയ്യാം. അഞ്ചു മിനുട്ട് ചെലവഴിച്ചാൽ ബ്ലഡ് സ്റ്റം സെൽ ഡോണർ ആയി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു. മുൻപ് രജിസ്റ്റർ ചെയ്യവർ വീണ്ടും ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: www.datri.org
Blood Stem Cell Donor Registration Camp Vattoli on May 25th