Featured

തീരാദുരിതം; കാവിലുംപാറയിൽ കാട്ടാനശല്യം രൂക്ഷം, കർഷകർ ദുരിതത്തിൽ

News |
Mar 2, 2025 10:58 AM

തൊട്ടില്‍പാലം:(kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിലെ പുലിയാടിമല കരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക നാശമാണ് വരുത്തുന്നത്.

കാവിലുംപാറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് പുലിയാടി മല കരിങ്ങാട് മേഖല. പൂര്‍ണമായും കര്‍ഷക കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന കാട്ടാന ശല്യം ഈ കുടുംബങ്ങളെ വലയ്ക്കുകയാണ്. കൂട്ടമായി കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് എത്തുന്ന സ്ഥിതിയുണ്ട്.

കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ വലിയ തോതില്‍ കൃഷിനാശം വരുത്തുന്നു. റബ്ബറും തെങ്ങും കവുങ്ങും വാഴയും കുരുമുളകുമെല്ലാം കാട്ടാനകള്‍ നശിപ്പിച്ചു.

കണ്ടോത്ത്കുനി പുത്തന്‍ പീടികയില്‍ ബഷീര്‍, തട്ടാങ്കണ്ടി കൃഷ്ണന്‍, പാറ കുമാരന്‍, വള്ളിത്തറ ഹമീദ്, നമ്പോടന്‍കണ്ടി നാണു, വള്ളിത്തറ അനന്തന്‍, തച്ചറങ്കണ്ടി കൃഷ്ണന്‍ എന്നീ കര്‍ഷകര്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പന്നികളുടെയും കുരങ്ങന്‍മാരുടെയും ശല്യം പ്രദേശത്ത് നിലനില്‍ക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് കാട്ടാനയുടെ ശല്യവും വന്നുപെട്ടത്.

ഇതോടെ മാനസികമായി തളര്‍ന്നിരിക്കുകയാണ് കര്‍ഷകര്‍. കുറ്റ്യാടി ഫോറസ്റ്റ് അധികൃതര്‍ വിഷയത്തില്‍ കാര്യമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്തും പലരോടും വായ്പ വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ തീരാദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

#coastal #disaster #Forest #disturbance #KavilPara #farmers #distress #new

Next TV

Top Stories










News Roundup