കുറ്റ്യാടി: ലഹരിമാഫിയയുടെ പിടിയിൽ നിന്ന് കുറ്റ്യാടിയെ മോചിപ്പിക്കാൻ പൊലീസ് - എക്സൈസ് അധികൃതരും ബഹുജനങ്ങനങ്ങളും കൈകോർക്കുന്നു. കുറ്റ്യാടി പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
വർദ്ധിച്ചു വരുന്ന മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ നടത്താനും ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാർത്ഥി സമൂഹത്തേയും ബോധ്യപ്പെടുത്താനും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്.
2023 ജനുവരി 26 ന് ലഹരി മുക്ത കുറ്റ്യാടിയാക്കി മാറ്റുക എന്നതാണ് ഈ ബഹുജന കൂട്ടായ്മയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയ- സാംസ്കാരിക, മത സംഘടനകളെയും വിവിധ ഡിപ്പാർട്ട്മെൻറുകളേയും സംയോജിപ്പിച്ചു കൊണ്ട് ഒരു കൂട്ടായ്മ ഈ മാസം 19 ന് കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ രൂപപ്പെടുത്തും.
ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഹാഷിം നമ്പാടന്റെ നേതൃത്വത്തിൽ വിപുലമായി നടന്നു വരികയാണ്.കുറ്റ്യാടി ടൗണിൽ ഓഫീസ് സംവിധാനത്തോടെ ചിട്ടയായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
19 ന് നടക്കുന്ന കൺവൻഷനിൽ വെച്ച് വിപുലമായ കമ്മറ്റി രൂപീകരിച്ച് കുറ്റ്യാടിയെയും പരിസര പ്രദേശങ്ങളേയും മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന്ഗ്രാമപഞ്ചായത്ത് മെമ്പർ ഹാഷിം നമ്പാടൻ പറഞ്ഞു.
The mafia will be chased away; Mass rally against drugs in Kuttyadi on 19th